
ഹരിപ്പാട്: ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ടോയ്ലെറ്റിൽ യുവതി പ്രസവിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് യുവതി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 19-കാരിയുമായി സി.ഡബ്ല്യു.സി. നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രസവിച്ചതിന് പിന്നാലെ യുവതി കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്ക് എറിഞ്ഞിരുന്നു.
ഗർഭിണിയാണെന്ന വിവരം തനിക്കറിയില്ലായിരുന്നുവെന്നും വയറിലെ മാറ്റം കൊഴുപ്പ് കൂടിയതാണെന്നാണ് കരുതിയതെന്നും യുവതി മൊഴിനൽകി. എറണാകുളത്ത് പഠനത്തിനും ജോലിക്കും പോയ സമയത്ത് പരിചയപ്പെട്ട ഇതരസംസ്ഥാന സ്വദേശിയുമായുണ്ടായ ബന്ധമാണ് ഗർഭധാരണത്തിന് കാരണമായതെന്നും, ഇപ്പോൾ ഇയാളുമായി ബന്ധമില്ലെന്നും അവർ പറഞ്ഞു.
മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലുള്ള അമ്മയും അച്ഛനും അനുജത്തിയും ഉൾപ്പെടുന്ന കുടുംബത്തോടൊപ്പമാണ് യുവതി കഴിഞ്ഞ മൂന്ന് മാസമായി താമസിച്ചിരുന്നത്. വയറുസംബന്ധമായ അസുഖത്തിന് ചികിത്സയെടുക്കുകയാണെന്നാണ് ബന്ധുക്കളോട് പറഞ്ഞിരുന്നതെന്നും ആശുപത്രിയിൽ നിന്ന് മരുന്ന് വാങ്ങിയിരുന്നതായും വിവരം പുറത്തുവന്നു.
തിങ്കളാഴ്ച രാത്രി കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ യുവതി പുലർച്ചെ ശൗചാലയത്തിൽ പ്രസവിക്കുകയായിരുന്നു. പിന്നാലെ കുഞ്ഞിനെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞെന്നാണ് കണ്ടെത്തൽ. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ ആശുപത്രി ജീവനക്കാരാണ് ശൗചാലയത്തിന് പുറകിൽ നിന്ന് നവജാത ശിശുവിനെ രക്ഷപ്പെടുത്തിയത്.
വീഴ്ചയിൽ കുഞ്ഞിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും 2.9 കിലോ ഭാരമുള്ള കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.
കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി യുവതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പോലീസ് നിരീക്ഷണത്തിലാണ് യുവതിയുടെ ചികിത്സ തുടരുന്നത്. അമ്മ ആശുപത്രിവിട്ടതിന് ശേഷം കുഞ്ഞിനെ ആലപ്പുഴ ശിശു വിഹാറിലേക്ക് മാറ്റാനാണ് തീരുമാനം. അവിടെ 60 ദിവസത്തേക്ക് കുഞ്ഞിനെ സംരക്ഷണത്തിൽ പാർപ്പിക്കും. ഈ സമയത്തിനുള്ളിൽ അമ്മയ്ക്ക് കുഞ്ഞിനെ തിരികെ സ്വീകരിക്കാനാവും. പിന്നീട് ശിശുക്ഷേമ സമിതി നിയമപരമായി കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കും.
അതേസമയം, കുഞ്ഞിന്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സി.ഡബ്ല്യു.സി. അറിയിച്ചു. ചൈൽഡ് ലൈൻ മുഖേന പോലീസിൽ പരാതി നൽകിയതായും അധികൃതർ വ്യക്തമാക്കി.











